Oneindia Mobile
New Videos here on ur Mozilla -Get them!
മമതയെ വീഴ്‌ത്താന്‍ ബസുവിനെ രംഗത്തിറക്കുന്നു
തിങ്കള്‍, നവംബര്‍ 2, 2009, 15:58 [IST]



Jyoti Basu
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒന്നരവര്‍ഷത്തിനപ്പുറം നടക്കാനിരിയ്‌ക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സാമ്പിളെന്ന്‌ വിശേഷിപ്പിയ്‌ക്കുന്ന ഉപതിരഞ്ഞെടുപ്പിന്‌ ഇനി അഞ്ച്‌ ദിവസം മാത്രം. പത്ത്‌ മണ്ഡലങ്ങളിലേക്ക്‌ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിനും തൃണമൂലിനും വിജയം അനിവാര്യമായിരിക്കെ ബംഗാള്‍ രാഷ്ട്രീയത്തിന്റെ രസനിരപ്പുയരുകയാണ്‌.

നിലനില്‍പിന്‌ വിജയമല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്നറിയാവുന്ന സിപിഎം പ്രധാന എതിരാളികളായ തൃണമൂലിനും നേതാവ്‌ മമതാ ബാനര്‍ജിയ്‌ക്കുമെതിരെ തങ്ങളുടെ അവസാന ആയുധവും പുറത്തെടുത്തു കഴിഞ്ഞു. മൂന്ന്‌ പതിറ്റാണ്ട്‌ കാലം വംഗനാടിനെ മുന്നോട്ട്‌ നയിച്ച സാക്ഷാല്‍ ജ്യോതി ബസുവിനെ രംഗത്തിറക്കിയാണ്‌ സിപിഎം തിരഞ്ഞെടുപ്പ്‌ പ്രചാരണം കൊഴുപ്പിയ്‌ക്കുന്നത്‌.

ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ അനുഭാവികള്‍ ഇടതുസ്ഥാനാര്‍ത്ഥികള്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്നാണ്‌ ജ്യോതി ബസുവിന്റെ അഭ്യര്‍ത്ഥന. യുപിഎ സര്‍ക്കാരിന്‌ ഇടതുപക്ഷം വ്യവസ്ഥകളില്ലാത്ത പിന്തുണ നല്‍കിയത്‌ പോലെ ബംഗാളില്‍ വികസനവും സമാധാനവും ഉറപ്പുവരുത്താന്‍ കോണ്‍ഗ്രസുകാര്‍ പിന്തുണയ്‌ക്കണമെന്ന്‌ ബസു ആവശ്യപ്പെടുന്നു.

ബസുവിന്റെ അഭ്യര്‍ത്ഥന കോണ്‍ഗ്രസ്‌ നേതൃത്വം തള്ളിയിട്ടുണ്ട്‌. നിര്‍ദ്ദേശത്തെ അസംബന്ധമെന്നും അസ്വീകാര്യവുമെന്നാണ്‌ പിസിസി വര്‍ക്കിങ്‌ പ്രസിഡന്റ്‌ പ്രദീപ്‌ ഭട്ടാചാര്യ വിശേഷിപ്പിച്ചത്‌. കോണ്‍ഗ്രസ്‌-തൃണമൂല്‍ വോട്ടുകള്‍ ഭിന്നിപ്പിയ്‌ക്കാനുള്ള സിപിഎമ്മിന്റെ തന്ത്രമാണിതെന്നും കോണ്‍ഗ്രസ്‌ ആരോപിയ്‌ക്കുന്നു.

എന്തായാലും 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പ്രചരണ രംഗത്തേക്കുള്ള ബസുവിന്റെ തിരിച്ചുവരവ്‌ ബംഗാള്‍ രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിയ്‌ക്കുന്നുവെന്ന്‌ തന്നെയാണ്‌ റിപ്പോര്‍ട്ടുകള്‍. ഇടതിന്റെ പിഴവുകള്‍ ഏറ്റുപറഞ്ഞും മമതയുടെയും മാവോയിസ്‌റ്റുകളുടെയും ലക്ഷ്യങ്ങള്‍ എന്തൊക്കെയെന്ന്‌ വിശദീകരിച്ച്‌ പ്രചാരണം നടത്താന്‍ ബസുവിനെക്കാള്‍ മികച്ചൊരു നേതാവില്ലെന്ന്‌ സിപിഎമ്മിനറിയാം.

ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നുണ്ടായ ചില തിരഞ്ഞെടുപ്പുകളിലും ഇടതനുകൂലികളായ ഒരു വിഭാഗം ഞങ്ങള്‍ക്കെതിരേ വോട്ട്‌ ചെയ്‌തു. ഞങ്ങളില്‍ നിന്ന്‌ ചില പിഴവുകളുണ്ടായെന്ന്‌ത സത്യം. എന്നാലത്‌ മമതയ്‌ക്കും മാവോയിസ്‌റ്റുകള്‍ക്കും എന്തും ചെയ്യാനുള്ള ലൈസന്‍സാക്കി മാറ്റരുത്‌. ബസുവിന്റെ ഈ പ്രസ്‌താവനകള്‍ക്ക്‌ ആവേശത്തോടെയാണ്‌ സിപിഎം പ്രവര്‍ത്തകരും അനുഭാവികളും സ്വീകരിയ്‌ക്കുന്നത്‌.

95 പിന്നിട്ട ജ്യോതിബസു ഒമ്പത്‌ വര്‍ഷം മുമ്പാണ്‌ ഭരണചക്രം ബുദ്ധദേവിന്‌ കൈമാറിയത്‌. പിബിയില്‍ നിന്ന്‌ വിരമിച്ചിട്ട്‌ തന്നെ മൂന്ന്‌ വര്‍ഷം കഴിഞ്ഞു. അനാരോഗ്യം മൂലം സാള്‍ട്ട്‌ ലേക്കിലെ വസതിയില്‍ നിന്ന്‌ പുറത്തിറങ്ങുന്നത്‌ തന്നെ വല്ലപ്പോഴുമാണ്‌. ഇങ്ങനെയൊക്കെയായിട്ടും ബംഗാള്‍ ജനതയെ കൂടെനിര്‍ത്താന്‍ ബസു കഴിഞ്ഞേ ആരുമുള്ളൂ എന്ന തിരിച്ചറിവിലാണ്‌ സിപിഎം അ്‌ദ്ദേഹത്തിന്റെ സേവനം വിനിയോഗിക്കുന്നത്‌.

ബസുവിന്‌ പഴയ ആവേശമുണ്ടാക്കാന്‍ കഴിയില്ലെന്ന്‌ മമത പറയുന്നുണ്ടെങ്കിലും സിപിഎമ്മിനുള്ള മറുപടികളില്‍ ബസുവിന്റെ പേര്‌ ഒഴിവാക്കാന്‍ അവര്‍ മനപൂര്‍വം ശ്രമിയ്‌ക്കുന്നുണ്ടെന്നാണ്‌ ബംഗാളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ ആവേശം നിലനിര്‍ത്താന്‍ തൃണമൂലിനും മമതയ്‌ക്കും വിജയം കൂടിയേ തീരു. ഈ സാഹചര്യത്തില്‍ ബസുവിനെ പേരെടുത്ത്‌ വിമര്‍ശിയ്‌ക്കുന്നത്‌ ചിലപ്പോള്‍ തിരിച്ചടിയാവുമെന്ന തോന്നലിലാണ്‌ ഈ നീക്കം.

പകരം വിമര്‍ശനത്തിന്റെ കുന്തമുന നീളുന്നത്‌ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവിനെതിരെയാണ്‌. ബുദ്ധദേവിന്‌ മാവോയിസ്‌റ്റുകളുമായി ബന്ധമുണ്ടെന്നും സിപിഎമ്മും മാവോയിസ്‌റ്റുകളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളുമാണെന്ന പ്രസ്‌താവനകളെല്ലാം ഇതിന്റെ ഭാഗമാണ്‌. ബസുവിനെ ഒഴിവാക്കി കൊണ്ടുള്ള മമതയുടെ തന്ത്രത്തിന്‌ അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കാനാണ്‌ ഇടതുപക്ഷം ശ്രമിയ്‌ക്കുന്നത്‌. പ്രചാരണത്തിന്റെ ഇനിയുള്ള ദിവസങ്ങളിലും ബസുവിന്റെ സാന്നിധ്യം പരമാവധി മുതലെടുക്കാനായിരിക്കും അവരുടെ ശ്രമം.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.