Tuesday, August 26 2008
കൊച്ചി: അഭയ കേസില്‍ സിബിഐ കള്ളം പറഞ്ഞുവെന്ന് ഹൈക്കോടതി നിരീക്ഷണം.
കേസിലെ പ്രതികളെന്ന് സംശയിക്കപ്പെടുന്ന രണ്ട് വൈദികരെയും കന്യാസ്‌ത്രീയെയും നാര്‍ക്കോ അനാലിസിസിന് വിധേയമാക്കിയതിന്റെ അസല്‍ സിഡി സമര്‍പ്പിയ്‌ക്കുന്നതിന് പകരം മൂന്ന് സിഡികളിലെയും ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ സിഡിയാണ് കോടതിയില്‍ സമര്‍പ്പിച്ചിരിയ്‌ക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിലാണ് സിബിഐ കള്ളം പറഞ്ഞുവെന്ന് കോടതി നിരീക്ഷണമുണ്ടായിരിക്കുന്നത്. ജസ്‌റ്റിസ് വി. രാംകുമാറാണ് കേസ് പരിഗണിയ്‌ക്കുന്നത്.
നാര്‍ക്കോ പരിശോധന നടത്തിയ ബംഗ്ലൂരിലെ മഡിവാളയിലുള്ള സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് മൂന്ന് സിഡികളാണ് സിബിഐയ്‌ക്ക് കൈമാറിയതെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ നാര്‍ക്കോ പരിശോധനയുടെ അസല്‍ സിഡി തന്നെയാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് മുമ്പ് രണ്ട് തവണ സിബിഐ അറിയിച്ചിരുന്നത്.
അസല്‍ സിഡികള്‍ ഹാജരാക്കാത്തതെന്തെന്ന കോടതിയുടെ ചോദ്യത്തിന് സിബിഐ അന്വേഷണദ്യോഗസ്ഥന്‍ ആര്‍.കെ അഗര്‍വാള്‍ മറുപടി നല്‌കിയിട്ടില്ല. സിഡിയില്‍ കൃത്രിമത്വം നടന്നിട്ടുണ്ടോയെന്ന സംശയമുണ്ടായതിനെ തുടര്‍ന്നാണ് സിബിഐ ഉദ്യോഗസ്ഥനോട് വീണ്ടും ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരുന്നത്. കേസ് വിധി പറയാനായി മാറ്റിവെച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍