Oneindia Mobile
അഭയ കേസ്‌ :എസ്‌പി കൃഷ്‌ണയ്ക്ക് സ്ഥലം മാറ്റം
Thursday, July 10 2008

കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലേയ്‌ക്ക്‌ നീങ്ങവേ സിബിഐ അന്വേഷണസംഘത്തില്‍ അഴിച്ചുപണി. അന്വേഷണ സംഘത്തിന്‌ നേതൃത്വം നല്‍കുന്ന സിബിഐ ദില്ലി ക്രൈം സ്‌പെഷ്യല്‍ യൂണിറ്റ്‌ എസ്‌പി ആര്‍.എം കൃഷ്‌ണയെ ലഖ്‌നൊവിലേയ്‌ക്ക്‌ സ്ഥലം മാറ്റി.

നേരത്തേ അഭയ കേസ്‌ അന്വേഷണം ഉപേക്ഷിക്കാന്‍ ശുപാര്‍ശ ചെയ്‌ത സിബിഐ സഘത്തിലെ ഡിവൈഎസ്‌പിയായിരുന്ന ദില്ലി സ്‌പെഷ്യല്‍ ക്രൈം യൂണിറ്റ് അഡീഷണല്‍ എസ്‌പി ആര്‍എസ്‌ പുനിയയെയാണ്‌ പുതിയ എസ്‌പിയായി നിയമിച്ചത്‌.

കൃഷ്‌ണയുടെ നേതൃത്വത്തിലുള്ള സഘം നടത്തിയ നിര്‍ണ്ണായക കണ്ടെത്തലുകളിലൂടെ പ്രതികള്‍ കുടുങ്ങുമെന്ന സാഹചര്യം നിലനില്‍ക്കുമ്പോഴാണ്‌ സംഘത്തില്‍ അഴിച്ചുപണി നടത്തിയിരിക്കുന്നത്‌. ഇതിനിടെ അന്വേഷണ സംഘത്തിലെ ഡിവൈഎസ്‌പി അഗര്‍വാള്‍ അവധിയ്‌ക്ക്‌ അപേക്ഷ നല്‍കിയിട്ടുണ്ട്‌.

കേസന്വേഷണം വഴിമുട്ടിയെന്നാരോപിച്ച്‌ അഭയയുടെ പിതാവ്‌ തോമസ്‌ ഐക്കരക്കുന്നേല്‍ നല്‍കിയ ഹര്‍ജി തിങ്കളാഴ്‌ച പരിഗണിക്കാനിരിക്കേയാണ്‌ ഈ മാറ്റങ്ങള്‍. കേസിന്‌ നിര്‍ണായക തെളിവുകളുണ്ടാക്കിയ മലയാളിയായ സബ്‌ ഇന്‍സ്‌പെക്ടര്‍ വിനോദിനെ നേരത്തേതന്നെ സെന്‍ട്രല്‍ എക്‌സൈസിലേയ്‌ക്ക്‌ മാറ്റിയിരുന്നു.

ഇപ്പോഴത്തെ മാറ്റം കേസന്വേഷണത്തെ ബാധിക്കില്ലെന്നാണ്‌ സിബിഐ കേന്ദ്രം പറയുന്നത്‌. കൃഷ്‌ണ അഭ്യര്‍ത്ഥിച്ചതുപ്രകാരമാണത്രേ ജന്‍മദേശമായ ലഖ്‌നൊവിലേയ്‌ക്ക്‌ അദ്ദേഹത്തിന്‌ മാറ്റം നല്‍കിയത്‌. കുടുംബപ്രശ്‌നങ്ങള്‍ കാരണമാണ്‌ അഗര്‍വാള്‍ അവധിയ്‌ക്ക്‌ അപേക്ഷിച്ചതെന്നും പറയുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍





Oneindia Mobile

»Home  »Malayalam  »News  »Movies  »Font Help  »Sitemap 

© Greynium Information Technologies Pvt. Ltd.